Monday, February 15, 2010

കവിത » സമകാലീനം

വര്‍ണ്ണവിപ്ലവം
“എന്തുസുഖമാണല്ലേ അമേരിക്കയില്‍!
-നാട്ടിലൊരമേരിക്കാര്‍ത്ഥി കൊതിയൂറി-
“കറുത്ത പരവതാനി മിന്നും
റോഡുകളല്ലേ?
ഒരുനാളും നിലയ്ക്കാത്ത
വൈദ്യുതിയല്ലേ?
ഒരു ബീഡിക്കുറ്റിപോലും വീണ്
ഭംഗികെടുത്താത്ത നാടല്ലേ?
നമ്മുടെ നാടോ..
ഹൊ!
അത്പോട്ടെ..
ഏറ്റവുമിഷ്ട്ടംതോന്നിയ കാഴ്ച?”


“വയലറ്റുടുപ്പും
മഞ്ഞച്ച പാന്റും
പിങ്ക് സ്ക്കാര്‍ഫും-
തടിച്ചുതൂങ്ങിയചുണ്ടില്‍
തിളങ്ങുന്ന ചായം-
ഭാരിച്ച മുന്നും പിന്നും
കൂസാതെ
തലയുയര്‍ത്തി
കരുത്തന്‍ നടത്തം-
കറുകറുമ്പിയുടെ
കാപ്പിരി സൌന്ദര്യം!

ധവളവിപ്ലവം വിളിയ്ക്കും
ചര്‍മ്മൌഷധങ്ങള്‍ വിളയും
നമ്മുടെ നാട്..
ഹൊ!”
എന്നൊന്നും മിണ്ടാതെ
വെറുതേ
തലയാട്ടിച്ചിരിച്ചുപോയ്.
കവിത » സമകാലീനം

ആദ്യപ്രണയം
ആദ്യപ്രണയം വിരലുകള്‍ക്കിടയില്‍
വിറപൂണ്ടു നിന്ന ചെമ്പനീര്‍പ്പൂവാണ്‌
കൈമാറാതെ പോയ പൂവിന്റെ പെട്ടെന്നുള്ള വാടലാണ്‌
ഇതളുകളില്‍ പടര്‍ന്ന ഇരുളാണ്‌
ഒരു തിരിഞ്ഞുനോട്ടത്തില്‍ തെളിഞ്ഞുമിന്നിയ
ചിരിയുടെ ചാറ്റല്‍മഴയില്‍
ഹൃദയത്തില്‍ വിടര്‍ന്ന പൂന്തോട്ടമാണ്‌
ഛേ,ഇതെന്തു പൈങ്കിളിക്കവിത എന്ന ചിന്തയ്‌ക്ക്‌
പ്രവേശനം ലഭിക്കാത്ത പരവേശമാണ്‌.

കവിത


മരണത്തെ വരിക്കുന്നവര്‍ :



1.

ഒരിക്കലും കൂട്ടിമുട്ടാത്ത റയില്‍ പാളങ്ങളിലൂടെ അവര്‍ നടന്നു
പാഞ്ഞുവന്ന ട്രയിനിനുമുന്നില്‍ അവര്‍ വിജയികളെപോലെ നിന്നു
‘ഞാന്‍ നിന്നെ പ്രണയിക്കുന്നു‘ട്രയിനിന്റെ മുരള്‍ച്ചയില്‍ അവരുടെ ശബ്ദ്ദം നിലച്ചു.
കോളേജ് ഓഡിറ്റോറിയത്തില്‍ കൂട്ടുകാരുടെ ദു:ഖപുഷ്പചക്രങ്ങളുടെ സമര്‍പ്പണം
ജീവിതത്തെ ഭയപ്പെടുന്ന ഭീരുക്കള്‍ എന്തിന് പ്രണയിക്കുന്നു ?

2.
അമ്മ നല്‍കിയ ചോറുരുളയില്‍ കണ്ണീരിന്റെ ഉപ്പായിരുന്നുവെന്ന് അവര്‍ അറിഞ്ഞില്ല
അമ്മയുടെ കൈകള്‍ വിറച്ചതും കണ്ണ് നിറഞ്ഞതും അവര്‍ അറിഞ്ഞില്ല .
പത്രത്താളില്‍ അമ്മയുടേയും കുഞ്ഞുങ്ങളുടേയും ആത്മഹത്യ വാര്‍ത്തയായി
അമ്മ എന്തിന് ഈ പാതകം ചെയ്തു ?ബന്ധുക്കള്‍ അയാള്‍ക്കായി കാത്തിരുന്നു
തന്റെ കെട്ടിയവന്‍ ഒരിക്കലും തിരിച്ചുവരില്ലന്ന് അമ്മയ്ക്ക് എന്നേ അറിയാമായിരുന്നു.

3.
അമ്മൂമ്മ തേച്ച് നല്‍കിയ ചുണ്ണാമ്പ് നിറഞ്ഞ വെറ്റില വായിലേക്കിടുമ്പോള്‍
ക്ലാവ് പിടിച്ച കോളാമ്പി പിന്നാമ്പുറത്താണന്ന് അപ്പൂപ്പന്‍ ഓര്‍ത്തില്ല.
അമ്മൂമ്മ നിരങ്ങിച്ചെന്ന് കോളാമ്പി എടുത്തുവരാന്‍ എത്രദിവസങ്ങള്‍ വേണം?
അപ്പൂപ്പന്റെ വായിലൂടെ ഒലിച്ചിറങ്ങിയ വെറ്റിലക്കറയ്ക്ക് ചോരയുടെ മണമായിരുന്നു.
മക്കളുടെ സമയമവുംകാത്ത് അപ്പൂപ്പനും അമ്മൂമ്മയും മോര്‍ച്ചറയില്‍ ഉറങ്ങിക്കിടന്നു !

4.
നീ എന്നെ പുണരാന്‍ ശ്രമിക്കുമ്പോള്‍ ഞാനൊഴിഞ്ഞുമാറുന്നു
ഞാന്‍ ഭീരുവായതുകൊണ്ടല്ല ,നീ ആണ് ഭീരു ..
മറ്റ് പലരുടേയും ചായക്കൂട്ടുകളിലെ നിറങ്ങളെ ഞാനെന്തിന് നശിപ്പിക്കണം?
ഞാനൊരു നിയോഗമാണ് , അസമയങ്ങളില്‍ ഞാന്‍ നിന്നെ ദുഃഖത്തോടെ പുണരും
ഹേ,ജീവിതമേ ഞാന്‍ മരണമാണ് ... ഞാന്‍ നിന്നെത്തേടി വന്നോളാം ,സമയം ആകട്ടെ!

ലേഖനം


മാറുന്ന മലയാളിയും മാറാത്ത കൈയ്യിലിരിപ്പുകളും : 4 തട്ടിപ്പ്



ഒരു ശബരീനാഥന്‍ ‘റ്റോട്ടല്‍ ഫോര്‍ യു ‘ എന്ന് പറഞ്ഞ് ചിലരെ റ്റോട്ടലി പറ്റിച്ചപ്പോള്‍ എന്തായിരുന്നു പുകില്‍. ‘എന്റെ കാശ് എന്റെ കാശ്‘ എന്ന് പറഞ്ഞ് തട്ടിപ്പിനിരയായവരിലെ ചെറുകിടക്കാര്‍ വിലപിച്ചപ്പോള്‍ വങ്കിട നിക്ഷേപകര്‍ കക്ഷത്തിലിരുന്നതും പോയി ഉത്തരത്തിലുള്ളതുകിട്ടിയും ഇല്ല എന്ന് പറഞ്ഞ് ദീര്‍ഘശ്വാസം വിട്ടു വീട്ടിലിരുന്നതേയുള്ളു. എന്തായിരുന്നു കാരണം എന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളു. വിലപിച്ചാല്‍ പോയപണത്തിന്റെ ഉറവിടം വെളിപ്പെടുത്തണം. അങ്ങനെയൊരു വെളിപ്പെടുത്തല്‍ ഉണ്ടായാല്‍ പലരുടേയും സമൂഹത്തിലെ സ്ഥാനം ചവിറ്റു കൊട്ടയില്‍ ആയിരിക്കും. ഈ അറിവ് ഉണ്ടായതുകൊണ്ട് മാത്രമാണ് വന്‍‌കിട നിക്ഷേപകര്‍ നാലാളുടെ മുന്നില്‍ വന്ന് വിലപിക്കാതിരുന്നത്.

‘റ്റോട്ടല്‍ ഫോര്‍ യു ‘ പോലുള്ള റ്റോട്ടല്‍ തട്ടിപ്പുകള്‍ വിദ്യാസമ്പന്നരാണ് എന്ന് നടിക്കുന്ന മലയാളികളുടെ ഇടയില്‍ ഇങ്ങനെ അങ്ങ് തഴച്ചു വളരുന്നത് എന്തുകൊണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ ? ചിലവില്ലാതെ ഒന്നും അറിയാതെ കൂടുതല്‍ പണം കിട്ടും എന്ന ആകര്‍ഷണം ഉള്ളതുകൊണ്ട് മാത്രമാണ് ഇത്തരം തട്ടിപ്പുകളീല്‍ ജനങ്ങള്‍ പണം കൊണ്ട്‌വന്ന് ഇടുന്നത്. പെട്ടന്ന് പണക്കാരനാകാനുള്ള ഒരു ചെപ്പടിവിദ്യ മുന്നില്‍ നടക്കൂമ്പോള്‍ ആര്‍ക്കാണങ്കിലും മാറിനില്‍ക്കാന്‍ കഴിയുകയില്ല . അയല്‍‌വക്കക്കാരന് ഈ രീതിയില്‍ കൂടുതല്‍ പണം കിട്ടുമ്പോള്‍ നമ്മള്‍ എന്തിന് മാറിനില്‍ക്കണം എന്ന ചിന്തയില്‍ നിന്നു മാത്രമാണ് റ്റോട്ടല്‍ തട്ടിപ്പുകളില്‍ പണം ഇറക്കാന്‍ മലയാളികള്‍ തയ്യാറാകുന്നത്. ഇട്ടപണം രണ്ടു വര്‍ഷം കൊണ്ടൊക്കെ ഇരട്ടിയും മൂന്നിരട്ടിയും ഒക്കെ ആകുമെന്നുള്ള പരസ്യങ്ങളീല്‍ വീണ് ഉള്ളകാശ് കളയുമ്പോള്‍ കിട്ടുന്ന മനസമാധാനം എന്തായിരിക്കൂം?

സാമ്പത്തിക ശാസ്ത്രത്തിന്റെ ഒരു പിന്തുണയും ഇല്ല്ലാതെ വളരുന്ന നോഡുകളും സര്‍ക്കിളുകളും ഒക്കെ സ്വപ്നം കാണുന്ന മലയാളികള്‍ ‘മണിച്ചെയിന്‍‘ എന്ന അതിസുന്ദരമായ തട്ടിപ്പില്‍ വീണ് സര്‍ക്കിള്‍ ആകുമ്പോള്‍ മാത്രമായിരിക്കും താന്‍ അകപ്പെട്ടത് ഒരു വലിയ വലയില്‍ തന്നെ ആണന്ന് മനസ്സിലാക്കുന്നത്. മനോഹരമായ പരസ്യത്തിലും ഇതു തന്നെയാണ് പറയുന്നത്; ലോകത്തിലെ വലിയ നെറ്റ്വര്‍ക്കിങ്ങിംന്റെ (‘വല‘+ ‘പണി‘യുടെ) ഭാഗമാകൂ....!!! പണ്ട് നമ്മള്‍ ഒരു ഗവണ്‍‌മെന്റ് പരസ്യം കണ്ടിട്ടുണ്ട് , ‘ഇന്ദിരാവികാസ് പത്രയില്‍ നിക്ഷേപിക്കൂ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ നിങ്ങളുടെ പണം ഇരട്ടിയായി തിരികെത്തരും ‘. ഇതിനെ ചുവടുപിടിച്ചാണ് നമ്മുടെ നവയുഗ തട്ടിപ്പുകളും അരങ്ങേറുന്നത്. പണം ഇരട്ടിയാക്കാന്‍ ഗവണ്‍മെന്റ് അഞ്ചുവര്‍ഷം എടുത്തപ്പോള്‍ തട്ടിപ്പു‌പ്രതിഭകള്‍ തങ്ങളുടെ ‘കൈയ്യിലുള്ള’ പണം ഇരട്ടിയാക്കാന്‍ അഞ്ചുദിവസമേ എടുത്തൂള്ളു എന്ന് മാത്രം.

ഒരു ശബരീനാഥന്‍ മാത്രമല്ല മലയാളിയെ പറ്റിച്ചത്... എത്രപറ്റിയാലും പഠിക്കാത്തവരാണോ മലയാളികള്‍? ചിലര് കണ്ടറിയാത്തത് കൊണ്ടറിയുമെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ മലയാളികള്‍ എത്ര കൊണ്ടാലും അറിയുന്നില്ല. തീ കണ്ടാല്‍ ഈയാം പാറ്റയ്ക്ക് അടങ്ങിയിരിക്കാന്‍ പറ്റത്തില്ലല്ലോ? റ്റോട്ടല്‍ തട്ടിപ്പ് എവിടെ തുടങ്ങിയന്ന് അറിഞ്ഞാലും മലയാളി ഈയാം പാറ്റയെപോലെ അതിലേക്ക് പണപ്പെട്ടിയുമായി പറന്നിറങ്ങും. ചിറക് കത്തി പറന്നുപൊങ്ങാന്‍ കഴിയാതെ വരുമ്പോള്‍ മാത്രമാണ് താന്‍ തീയിലേക്കാണല്ലോ ചാടിയത് എന്ന് ഓര്‍മ്മിക്കുന്നത്. നാട്ടിന്‍ പുറങ്ങളീല്‍ അമിട്ട് പോലെ പൊട്ടിപോകുന്ന ബ്ലേഡില്‍ പണം ഇട്ട് ,മുങ്ങിയ ബ്ലേഡുകാരന്റെ വീടിന്റെ മുന്നില്‍ കുത്തിയിരിക്കൂന്നവരെക്കുറിച്ച് നമ്മള്‍ എത്രയോ പ്രാവിശ്യം പത്രങ്ങളില്‍ വായിച്ചിട്ടുണ്ട്.

കൈലിയുടുത്ത് സൈക്കിളില്‍ വന്ന് പണം ശേഖരിച്ച് മുങ്ങുന്ന ബ്ലേഡുകാരന്റെ സ്ഥാനത്ത് വിദേശക്കാറില്‍ കോട്ടും സ്യൂട്ടും ഇട്ട് വന്നിറങ്ങി പണവുമായി മുങ്ങുന്ന ‘മണിലെന്‍ഡിങ്ങ് ‘ മുതലാളിയും തമ്മില്‍ വെത്യാസം എന്തെങ്കിലും ഉണ്ടോ ? ഒരേ കഥയും തിരക്കഥയും ലൊക്കേഷനും കോസ്‌‌റ്റ്യൂമും മാറുന്നുഎന്നേയുള്ളു. ചിട്ടിക്കാരന്‍ പണവുമായി മുങ്ങുന്ന എത്രയോ സംഭവങ്ങള്‍ നമ്മള്‍ വായിച്ചു. എന്നിട്ട് എന്തെങ്കിലും മാറ്റങ്ങള്‍ നമുക്ക് ഉണ്ടായോ? ബാങ്കില്‍ നിക്ഷേപിച്ചാല്‍ കിട്ടൂന്ന നാമമാത്രപലിശയെക്കാള്‍ എത്രയോ മടങ്ങാണ് തട്ടിപ്പുകാരന്‍ ഓഫര്‍ ചെയ്യുന്നത്. സമയം നഷ്ടപ്പെടുത്തേണ്ട,ഫോര്‍മാലിറ്റീസുകളില്ല, ഉറവിടം കാണിക്കേണ്ട ഇങ്ങനെ എത്രയോമെച്ചങ്ങള്‍ ഉണ്ട് തട്ടിപ്പുകാരന്റെ കൈയ്യില്‍ പണം ഇട്ടാല്‍ .....

മലയാളിയെ പറ്റിക്കാന്‍ എളുപ്പമാണന്ന് ഏറ്റവും കൂടുതല്‍ അറിയാവുന്നതും മലയാളിക്കാണല്ലോ ! പണത്തില്‍ മാത്രമല്ല ഈ തട്ടിപ്പ് നടത്തിയിട്ടുള്ളത്. എന്തിന് ലോട്ടറികളീല്‍ പോലും നിക്ഷേപം നടത്തൂ എന്ന് പറഞ്ഞ് മലയാളികളെ പറ്റിക്കാം എന്ന് മലയാളികള്‍ തന്നെ തെളിയിച്ചു കഴിഞ്ഞല്ലോ? ലോട്ടറി നിക്ഷേപക സംരംഭകര്‍ എങ്ങനെയാണ് തങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നത് എന്ന് ഏതെങ്കിലും നിക്ഷേപകന് അറിവുണ്ടോ ? എങ്ങനെ നിക്ഷേപകന് ലോട്ടറിയടിക്കുന്നത് എന്ന് ചിന്തിച്ചോ ? എല്ലാം ഒരു പരസ്യത്തിന്റെ പിന്‍ബലം!! ഇത്തരം തട്ടിപ്പുകള്‍ മാത്രമല്ല തട്ടിപ്പുകാര്‍ നടത്തിയത് . ആടിനേയും കോഴികളേയും വളര്‍ത്തി കോടിപതിയാകൂ എന്ന് പറഞ്ഞപ്പോള്‍ നിലാവത്തെകോഴിയെ പോലെ മലയാളികള്‍ കോഴി ഫാമുകളില്‍ ചുറ്റിക്കറങ്ങി. ഒരു ആട് പ്രസിവിക്കുമ്പോള്‍ ഉണ്ടാകുന്ന കുട്ടികളും അതിന്റെ കുട്ടികളും അതിന്റെ കുട്ടികളും ഒക്കെയായി ലോകം മുഴുവന്‍ തന്റെ ആടുകളെകൊണ്ട് നിറയുന്നത് സ്വപനം കണ്ട് ഉറങ്ങിയ നിക്ഷേപകന്‍ ആടിനെക്കാണാന്‍ ചെന്നപ്പോള്‍ ആടുകിടന്നിടത്ത് പൂടപോലും ഇല്ലന്ന് കണ്ട് നിലവിളിച്ചതുമാത്രം മിച്ചം.

തങ്ങള്‍ ലക്ഷങ്ങള്‍ മുടക്കിയ തേക്കും മാഞ്ചിയവും ഒക്കെ തഴച്ചുവളര്‍ന്ന് നില്‍ക്കുന്ന തോട്ടങ്ങള്‍ കാണാന്‍ ചെന്ന നിക്ഷേപകന് തമിഴ്നാട്ടിലെ തങ്ങളുടെ യൂണിറ്റില്‍ തഴച്ചുവളര്‍ന്നു നില്‍ക്കുന്ന മുള്ളിച്ചെടികള്‍ കണ്ട് സംതൃപ്തിയടയേണ്ടിവന്നത് സമീപകാല ചരിത്രം മാത്രം. തട്ടിപ്പുകളുടെ ചരിത്രങ്ങള്‍ ‘തട്ടിപ്പ് ചരിത്ര പുസ്തകങ്ങളില്‍ ‘ ഉണ്ട് എങ്കിലും പുതിയ തട്ടിപ്പുകള്‍ വരുമ്പോള്‍ പഴയതിന്റെ ചൂടും ആവിയും ഒക്കെ പോയിട്ടുണ്ടാവും. ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും അറയ്ക്കും എന്ന് പറയുന്നുണ്ടങ്കിലും ‘ചൂടുവെള്ള‘ത്തില്‍ വീണ മലയാളി പിന്നെയും അടപ്പത്ത് ഇരിക്കുന്ന ‘ചൂടുവെള്ളം’ നോക്കിപ്പോകും.

തട്ടിപ്പ് നടത്തിയും തട്ടിപ്പറിച്ചും എങ്ങനെ സമൂഹത്തില്‍ ഉന്നതസ്ഥാനങ്ങളില്‍ വളരാം എന്ന് കുറച്ചു മലയാളികള്‍ ഗവേഷണം നടത്തുമ്പോള്‍ എങ്ങനെ തട്ടിപ്പിനകത്ത് ഇരയാകാം എന്ന് മറ്റ് ചിലര്‍ ഗവേഷണപ്രബന്ധങ്ങള്‍ തയ്യാറാക്കാന്‍ തയ്യാറാകുമ്പോള്‍ വീണ്ടും വീണ്ടും തട്ടിപ്പുകള്‍ നടക്കും. ഒരു ശബരി പിടിയിലായാലും പത്തുശബരികള്‍ സമൂഹത്തില്‍ തന്നെയുണ്ടാവും . ഇരകള്‍ ഉള്ളടത്തോളം കാലം വേട്ടമൃഗങ്ങള്‍ക്ക് പഞ്ഞവുമില്ല പട്ടിണിയും ഇല്ല??????