Monday, February 15, 2010

കവിത » സമകാലീനം

വര്‍ണ്ണവിപ്ലവം
“എന്തുസുഖമാണല്ലേ അമേരിക്കയില്‍!
-നാട്ടിലൊരമേരിക്കാര്‍ത്ഥി കൊതിയൂറി-
“കറുത്ത പരവതാനി മിന്നും
റോഡുകളല്ലേ?
ഒരുനാളും നിലയ്ക്കാത്ത
വൈദ്യുതിയല്ലേ?
ഒരു ബീഡിക്കുറ്റിപോലും വീണ്
ഭംഗികെടുത്താത്ത നാടല്ലേ?
നമ്മുടെ നാടോ..
ഹൊ!
അത്പോട്ടെ..
ഏറ്റവുമിഷ്ട്ടംതോന്നിയ കാഴ്ച?”


“വയലറ്റുടുപ്പും
മഞ്ഞച്ച പാന്റും
പിങ്ക് സ്ക്കാര്‍ഫും-
തടിച്ചുതൂങ്ങിയചുണ്ടില്‍
തിളങ്ങുന്ന ചായം-
ഭാരിച്ച മുന്നും പിന്നും
കൂസാതെ
തലയുയര്‍ത്തി
കരുത്തന്‍ നടത്തം-
കറുകറുമ്പിയുടെ
കാപ്പിരി സൌന്ദര്യം!

ധവളവിപ്ലവം വിളിയ്ക്കും
ചര്‍മ്മൌഷധങ്ങള്‍ വിളയും
നമ്മുടെ നാട്..
ഹൊ!”
എന്നൊന്നും മിണ്ടാതെ
വെറുതേ
തലയാട്ടിച്ചിരിച്ചുപോയ്.

No comments:

Post a Comment